വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന തുടക്കത്തിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയാവുന്ന ചിത്രം സമ്പൂർണ ഫാമിലി- ഡ്രാമ- ത്രില്ലർ ചിത്രമായിരിക്കുമെന്ന് ജൂഡ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ജൂഡിന്റെ കുറിപ്പ്.
രണ്ടു മണിക്കൂർ 19 മിനിറ്റ് 35 സെക്കൻഡ് നീണ്ട സമ്പൂർണ ഫാമിലി ഡ്രാമ- ത്രില്ലർ, അതാണ് ഞങ്ങളുടെ വാഗ്ദാനം. സിനിമ പൂർത്തിയായ നിമിഷം ഞങ്ങൾ അനുഭവിച്ച അതേ സംതൃപ്തി നിങ്ങളും അനുഭവിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി പ്രത്യാശിക്കുന്നു.
അങ്ങേയറ്റം കഴിവുറ്റ ടീമിനൊപ്പം പ്രവർത്തിച്ചത് വലിയ സന്തോഷവും സമാധാനപരവുമായ അനുഭവമായിരുന്നു.
‘തുടക്കം’ എന്റെ അഞ്ചാമത്തെ സ്വപ്നമാണ്. അവസാന റൗണ്ട് മിക്സ് പൂർത്തിയായി, ബിഗ് സ്ക്രീനിൽ നിങ്ങൾ തുടക്കം അനുഭവിക്കുന്ന നിമിഷത്തിനായി അക്ഷമനായി കാത്തിരിക്കുന്നു. തിയേറ്ററിൽ കാണാം.' ജൂഡ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പീരുമേട്, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാ കുറുപ്പ്, അശ്വിനി വിജയൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.